നയിക്കാൻ ഒരു കുടുംബം വേണ്ട: ശശി തരൂര്
നെഹ്‌റു കുടുംബത്തിൽ നിന്നും ആരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് ഉറപ്പായതോടെ ജി 23 ന്റെ പ്രതിനിധിയായി ശശി തരൂർ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും എന്ന അഭ്യൂഹം ശക്തമാകുന്നു. ഒരു കുടുംബം തന്നെ കോൺഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന അവസ്ഥ പാടില്ലെന്ന നിലപാടുള്ള നേതാവാണ് ശശി തരൂർ. എന്നാൽ ഇതുവരെയും ശശി തരൂർ മനസ്സ് തുറന്നിട്ടില്ല.
അതേ സമയം, ഗുലാം നബി ആസാദുമായി കോൺഗ്രസിലെ വിമതരായ ജി 23 നേതാക്കൾ കൂടിക്കാഴ്ച നടത്തി. ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവരാണ് ആസാദുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകിട്ട് ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു കുടിക്കാഴ്ച. പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം.
കൂടാതെ തിരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർഥിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ നിർത്താൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നുണ്ടെങ്കിലും പ്രസിഡന്റ് പദം ഏറ്റെടുക്കാൻ അദ്ദേഹം ഉപാധി വച്ചുവെന്ന സൂചന പുറത്തുവന്നു. മുഖ്യമന്ത്രി സ്ഥാനവും പാർട്ടി പ്രസിഡന്റ് പദവികൾ ഒന്നിച്ചു വഹിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുക എന്നീ ആവശ്യങ്ങളാണ് ഗെലോട്ട് ഉന്നയിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.