ജോൺ ബ്രിട്ടാസിന് ശശി തരൂരിന്റെ പിന്തുണ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ ലേഖനമെഴുതിയതിന് ജോൺ ബ്രിട്ടാസ് എം പിക്ക് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ നടപടി വിചിത്രമെന്ന് കോൺഗ്രസിന്റെ ശശി തരൂർ എം പി. പാർലമെന്റിന് പുറത്ത് ഒരു അംഗം സ്വന്തം നിലയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെ പേരിൽ ജഗ്ദീപ് ധൻകർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് തരൂർ ചോദിച്ചു.
സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് ജോൺ ബ്രിട്ടാസിന് പിന്തുണയുമായി തരൂർ എത്തിയത്. തരൂരിന്റെ വാക്കുകൾ: ‘ഇത് വളരെ വിചിത്രമാണ്. എന്റെ നിരവധി വിമർശനാത്മക ലേഖനങ്ങളിലൊന്നിൽ എന്തെങ്കിലും നടപടിയുണ്ടായാൽ ഞാൻ അസ്വസ്ഥനാകും. പാർലമെന്റിന് പുറത്ത് ഒരംഗം സ്വന്തം നിലയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെ പേരിൽ ജഗ്ദീപ് ധൻകർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?
ഈ കാരണംകാണിക്കൽ നോട്ടീസിനോട് പ്രതികരിക്കാതിരിക്കാനുള്ള എല്ലാ അവകാശവും ജോൺ ബ്രിട്ടാസിനുണ്ട്,’ ശശി തരൂർ ട്വീറ്റ് ചെയ്തു. ബ്രിട്ടാസ് എഴുതിയ ലേഖനത്തിന്റെ ഉള്ളടക്കം രാജ്യദ്രോഹപരം ആണെന്ന കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് പി സുധീറിന്റെ പരാതിയിലാണ് നോട്ടീസ് നൽകിയത്.