വോട്ട് തേടി ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും

single-img
4 October 2022

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും.

സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ ക്യാമ്ബ് തയ്യാറാക്കിയിട്ടുണ്ട്.

മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു സമയം ലഭിക്കാത്തതിനാല്‍ ഫോണില്‍ വിളിച്ച്‌ വോട്ട് ഉറപ്പാക്കാനാണ് ശ്രമം. കേരളത്തിലെ വോട്ടര്‍മാരില്‍ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാമ്ബിലുള്ളവര്‍ അവകാശപ്പെട്ടു. നാളെ വൈകിട്ട് ചെന്നൈയിലേക്കു പോകുന്നതിനു മുന്‍പു പരമാവധി വോട്ടര്‍മാരെ കാണും.

എംപിമാരായ എം കെ രാഘവനും ഹൈബി ഈഡനും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. മുന്‍ എംഎല്‍എമാരില്‍ തമ്ബാനൂര്‍ രവിയും കെ എസ് ശബരീനാഥനും തരൂരിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, കെ സുധാകരന്‍ എന്നിവര്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കൊപ്പമാണ്. തരൂരും ഖര്‍ഗെയും യോഗ്യരാണെന്ന് അഭിപ്രായപ്പെട്ട സുധാകരന്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിര്‍ദേശിക്കില്ലെന്ന് രണ്ടു ദിവസം മുന്‍പു പറഞ്ഞിരുന്നു. കേരളത്തില്‍ വോട്ടുതേടാനായി ഇന്നലെ രാത്രിയാണ് തരൂര്‍ തിരുവനന്തപുരത്തെത്തിയത്.