ആദ്യം പോയത് പള്ളികളിലേക്ക്; ശശി തരൂരിന്റെ കേരള പര്യടനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ: വെള്ളാപ്പള്ളി നടേശൻ

single-img
17 December 2022

കോൺഗ്രസ് എംപി ശശി തരൂരിന്റെ കേരള പര്യടനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.തന്റെ സന്ദർശനത്തിൽ തരൂര്‍ ആദ്യം പോയത് പള്ളികളിലേക്കാണ്. വളരെ തന്ത്രപരമായ നീക്കമാണ്.

അതേസമയം തന്നെ കണ്ടിട്ട് പ്രത്യേക കാര്യമില്ലെന്ന് തരൂരിന് അറിയാമെന്നും വെള്ളാപ്പള്ളി മലയാളത്തിലെ ഒരു മാധ്യമത്തിനോട് സംസാരിക്കവെ പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ ഉയര്‍ച്ചയ്ക്കായാണ് തരൂര്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. ഇപ്പോള്‍ കേരളത്തിൽ നടത്തുന്ന നീക്കങ്ങളും ഉന്നത സ്ഥാനങ്ങളിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

‘തരൂര്‍ അദ്ദേഹത്തെ സ്വയം കാണുന്ന റാങ്കിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ റാങ്ക് വളരെ താഴെയാണ്. ആ പള്ളിക്കാരൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ റാങ്കില്‍ മുന്നില്‍. ഞാനും ഒരു ‘പള്ളി’യാളെങ്കിലും വെള്ളാപ്പള്ളിയാണല്ലോ. അതുകൊണ്ട് വലിയ കാര്യമില്ല’, അദ്ദേഹം പറഞ്ഞു.

അതേസമയം, തരൂര്‍ തന്നെ സന്ദര്‍ശിച്ചാലും പിന്തുണ പ്രഖ്യാപിക്കാനാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ‘എസ്എന്‍ഡിപിയില്‍ ഇപ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളില്‍പ്പെട്ടവരുമുണ്ട്. പിന്തുണ നൽകാനോ എതിരായി നില്‍ക്കാനോ വാലാകാനോ ചൂലാകാനോ പറ്റില്ല. സന്ദർശിക്കാൻ ആരെങ്കിലും വന്നാല്‍ സൗഹൃദം, സംഭാഷണം അതിനപ്പുറം ഒരു ചായയും നല്‍കി വിടാമെന്നല്ലാതെ കൂടുതലൊന്നും പറ്റില്ല. അതിനു പകരമായി സമുദായം രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചാല്‍ അത് റിവേഴ്‌സ് എഫക്ട് ഉണ്ടാക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.