ശോഭ സുരേന്ദ്രനെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണം; ബിജെപി ദേശീയനേതൃത്വത്തിന് കത്തുമായി ശോഭാ പക്ഷം

single-img
12 October 2024

പാലക്കാട് വരാനിരിക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് മുൻപേതന്നെ ജില്ലാ ബിജെപിയില്‍ പോര് മുറുകുന്നു. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തിരിക്കുന്നത്. പാർട്ടിയിലെ ഒരു വിഭാഗം ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.

മണ്ഡലത്തിൽ , ശോഭ സുരേന്ദ്രനെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന കത്തില്‍ ശോഭയ്ക്ക് ഈഴവ വോട്ടുകള്‍ ലഭിക്കുമെന്നും വ്യക്തമാക്കുന്നു. മറുഭാഗത്താവട്ടെ , സി കൃഷ്ണ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

സി കൃഷ്ണകുമാര്‍ അഴിമതിക്കാരനാണെന്നും കത്തില്‍ പറയുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ അനുകൂലികള്‍ കത്തയച്ചിട്ടുണ്ട്.