ബിബിസിയുടെ വിശ്വാസ്യത നഷ്ടമായി; ഉത്തരവാദിത്വമുള്ള മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് ഉണ്ടാവണം: വി മുരളീധരൻ

single-img
24 February 2023

മാധ്യമ പ്രവര്‍ത്തനം ഒരു പബ്ലിക് റിലേഷൻ പ്രവര്‍ത്തനമായി മാറിയ കാലഘട്ടത്തില്‍ ഉത്തരവാദിത്വമുള്ള മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് ഉണ്ടാവണമന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ബിബിസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും പഴയ കോളനിവാഴ്ചയുടെ ഭ്രമം അവര്‍ ഇപ്പോഴും തുടരുന്നതായും മുരളീധരന്‍ ആരോപിച്ചു.

മാധ്യമ പഠനവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി കോളേജ് ഓഫ് കമ്മ്യൂണിക്കേഷനും എന്‍ ഐ ടി കോഴിക്കോട് തമ്മില്‍ നടത്തിയ ധാരണ പത്ര കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരായി ഉയര്‍ന്ന ആരോപണത്തെ പ്രതിരോധിക്കാനാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതിരോധ യാത്രയിലൂടെ ശ്രമിക്കുന്നതെന്ന് വി മുരളീധരന്‍ ആരോപിച്ചു.

അതേപോലെതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ വിജിലന്‍സിനെ ഏല്‍പ്പിച്ചത് തട്ടിപ്പിലെ ആരൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടിയാണ്. നിലവിൽ നടത്തുന്ന അന്വേഷണം ഒരു മറ മാത്രമാണ്. ഇതിലെ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് അത്. ആ ശ്രമം മുഖമന്ത്രി അവസാനിപ്പിക്കണമെന്നും വിശ്വാസമുള്ള ഏജന്‍സി അന്വേഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.