ഗവർണർക്കെതിരെ എൽ ഡി എഫ് നടത്തിയ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിക്കുക പ്രയാസം എന്ന് നിയമവിദഗ്ധർ

single-img
26 November 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 സർക്കാർ ഉദ്യോഗസ്ഥരുടെ ഭാവി സംരക്ഷിക്കുക പ്രയാസമാണെന്ന് നിയമ വിദഗ്ധർ. അഡിഷനൽ സെക്രട്ടറിമാരായ പി.ഹണി, ഷൈനി, സെക്ഷൻ ഓഫിസർമാരായ ജി.ശിവകുമാർ, ഇ.നാസർ, കെ.എൻ.അശോക് കുമാർ, ഐ.കവിത, ഓഫിസ് അറ്റൻഡന്റ് കല്ലുവിള അജിത് എന്നിവരാണ് ഗവർണർക്കെതിരെ എൽ ഡി എഫ് നടത്തിയ മാർച്ചിൽ പങ്കെടുത്തത്.

സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ സർക്കാർ ഉദ്യോഗസ്ഥരുടെ കോഡ് ഓഫ് കോണ്ടക്ട് റൂൾസ്, ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ റൂൾസ് എന്നിവ അനുസരിച്ച് അവർക്കെതിരെ നടപടി എടുക്കണം. സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടൽ ഉൾപ്പടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന കുറ്റമാണ് ഇത്. എന്നാൽ ഇൻക്രിമെന്റ് തടയുന്ന പോലെയുള്ള നടപടികളും എടുക്കാം എന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ പഴുത്തു ഉപയോഗിച്ച് ഇവരെ സംരക്ഷിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.

എന്നാൽ ഈ നടപടികൾക്കെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ കാര്യങ്ങൾ സർക്കർ ഉദ്ദേശിക്കുന്നിടത്തു നിൽക്കില്ല എന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സമര ദിനത്തിൽ രാവിലെ 10.30 ന് സെക്രട്ടേറിയറ്റിന് സമീപം മൂന്ന് പ്രൈവറ്റ് ബസുകളെത്തിയാണ് ഇടതുപക്ഷ അനുകൂല ജീവനക്കാരെ രാജ്ഭവനിൽ എത്തിച്ചത്. ഇതിൽ പലരും രാവിലെ തന്നെ സെക്രട്ടേറിയറ്റിലെത്തി ‘പഞ്ച്’ ചെയ്തശേഷമാണ് പുറത്തു പോയി സമരത്തിൽ പങ്കെടുത്തത്. ഇതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയത് എന്നാണു നിയമ വിദഗ്ധരുടെ അഭിപ്രായം.

മുമ്പും രാഷ്ട്രീയ സമരങ്ങളിൽ ജീവനക്കാർ പങ്കെടുക്കാറുണ്ട്. എന്നാൽ ചിത്ര തെളിവുകളൊന്നും പുറത്തു വരാറില്ലായിരുന്നു. അതിനു വിപരീതമായി ഉദ്യോഗസ്ഥരുടെ പേരും അവർ മാർച്ചിൽ പങ്കെടുക്കുന്ന വിഡിയോയും ചിത്രങ്ങളും ഉൾപ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പരാതി നൽകിയതോടെയാണ്‌ വിഷയത്തിന്റെ സ്വഭാവം മാറുന്നത്.