ഇരട്ട സെഞ്ചുറിയുമായി ശുഭ്‌മാന്‍ ഗില്‍; ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ
ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയുമായി ശുഭ്‌മാന്‍ ഗില്‍. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ മത്സരത്തിലെ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് ഗില്‍ 200 തികച്ചപ്പോള്‍ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സ് നേടി.
വെറും 145 പന്തിലായിരുന്നു ഗില്ലിന്‍റെ ഡബിള്‍. കളിയിൽ ഓപ്പണറായി ഇറങ്ങിയ ഗില്‍ 48.2 ഓവറും ക്രീസില്‍ നിന്ന ശേഷം 149 പന്തില്‍ 19 ഫോറും 9 സിക്‌സറും സഹിതം 208 റണ്‍സെടുത്താണ് മടങ്ങിയത്. നല്ലരീതിയിലുള്ള തുടക്കമാണ് ഹൈദരാബാദില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യക്ക് നല്‍കിയത്.
രണ്ടുപേരും ചേർന്ന് ഒന്നാം വിക്കറ്റില്‍ 12.1 ഓവറില്‍ 60 റണ്‍സ് ചേര്‍ത്തു. 38 പന്തില്‍ 34 റണ്‍സെടുത്ത ഹിറ്റ്‌മാനെ ടിക്‌നെര്‍ മടക്കിയപ്പോള്‍ മൂന്നാമന്‍ കോലിക്ക് പിഴച്ചു. മികച്ച ഫോമിലുള്ള കോലിയെ മിച്ചല്‍ സാന്‍റ്‌നര്‍ ബൗള്‍ഡാക്കി. ഇത്തവണ 10 പന്തില്‍ എട്ട് റണ്‍സേ കോലിക്കായുള്ളൂ .
തുടർന്ന് നാലാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ 14 പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് ലോക്കീ ഫെര്‍ഗ്യൂസന്‍റെ പന്തില്‍ എഡ്‌ജായി വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്‍റെ കൈകളിലെത്തി. നേരത്തെ തന്‍റെ അവസാന ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി(131 പന്തില്‍ 210) നേടിയ താരമാണ് കിഷന്‍.