പ്രണയം നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി;അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കണ്ണൂര്‍ : പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് . ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് ശ്യാംജിതിന്‍്റെ കുറ്റസമ്മത മൊഴി. ഇതനുസരിച്ച് കത്തിയും ചുറ്റികയും വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. തെളിവെടുപ്പ് നാളെയേ ഉണ്ടാകൂയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം നാളെ ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഇന്നലെയാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്നലെ രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.’