കര്‍ണാടകയില്‍ വിണ്ടും ഓപ്പറേഷൻ താമര; എം.എല്‍.എമാർക്ക് 100 കോടി വരെ ബി.ജെ.പിയുടെ വാഗ്ദാനമെന്ന് സിദ്ധരാമയ്യ

single-img
31 August 2024

ഒരിടവേളയ്ക്ക് ശേഷം കര്‍ണാടകയില്‍ വിണ്ടും’ഓപ്പറേഷൻ താമരക്ക്’ ബിജെപിയുടെ ശ്രമമെന്ന് ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. എം.എല്‍.എമാർക്ക് 100 കോടി വരെയാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്നും സിദ്ധരാമയ്യ ആരോപിച്ചു.

“കർണാടകത്തില്‍ ബി.ജെ.പി ഒരിക്കൽ അധികാരം പിടിച്ചത് തന്നെ ഓപറേഷൻ താമരയിലൂടെയാണ്. അല്ലാതെ ജനങ്ങളുടെ അനുഗ്രഹത്തോടെ അവർ ഒരിക്കലും അധികാരത്തിലേറിയിട്ടില്ല. 2008ലും 2019 ലും അവർ സംസ്ഥാനത്ത് ഓപറേഷൻ താമര നടത്തി , പിൻവാതിലിലൂടെ ഭരണത്തിലേറി”- സിദ്ധരാമയ്യ പറഞ്ഞു.

‘കോണ്‍ഗ്രസിന് നിയമസഭയിൽ 136 എം.എല്‍.എമാർ ഉണ്ടെന്നത് ബി.ജെ.പി ഓർക്കണം. സംസ്ഥാന സർക്കാരിനെ താഴെയിറക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണം പിടിക്കണമെങ്കില്‍ 60 എം.എല്‍.എമാരെയെങ്കിലും ബി.ജെ.പിക്ക് രാജിവെയ്പ്പിക്കേണ്ടി വരും. പണം കൊടുത്ത് ഞങ്ങളുടെ എം.എല്‍.എമാരെ ആരേയും ചാക്കിലാക്കാൻ സാധിക്കുമെന്ന് ബി.ജെ.പി കരുതേണ്ട’- സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി .