കേരള പൊലീസിൽ വിശ്വാസമില്ല; സിദ്ധാർത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണം: രമേശ് ചെന്നിത്തല


വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . കേരള പൊലീസിൽ വിശ്വാസമില്ലെന്നും സത്യസന്ധമായ അന്വേഷണം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഉൾപ്പെട്ട പ്രതികളെ രക്ഷിക്കാനുള്ള കുറ്റപത്രവും വകുപ്പും ആയിരിക്കും ഇനി ഉണ്ടാവുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോൾത്തന്നെ കേസ് ഇല്ലാതാക്കാന്‍ ആഭ്യന്തര വകുപ്പും പൊലീസും ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ആത്മാഭിമാനം ഉണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിദ്ധാർത്ഥനിലായിരുന്നു അവൻ്റെ കുടുംബത്തിൻ്റെ പ്രതീക്ഷ. എസ്എഫ്ഐ ഗുണ്ടകൾ ആ പ്രതീക്ഷ ഇല്ലാതാക്കി. ആ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും മുഖ്യമന്ത്രി ശ്രമിച്ചില്ല. ഒരു അനുശോചനം പോലും മുഖ്യമന്ത്രി നടത്തിയില്ല. എസ്എഫ്ഐയെ മുഖ്യമന്ത്രി ജീവൻരക്ഷാ പ്രവർത്തകർ ആക്കിയിരിക്കുകയാണ്. മുൻ കൽപ്പറ്റ എംഎൽഎ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ പ്രതികളെ മോചിപ്പിക്കാൻ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ പോയി ബഹളമുണ്ടാക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.