കേരളത്തിലെ മുഖ്യമന്ത്രി ആകാശവാണിക്ക് സമാനം: വിഡി സതീശൻ


സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള എ ഐ കാമറയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിൽ മന്ത്രിമാർക്ക് ഉത്തരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഊരാളുങ്കൽ, എസ്.ആർ.ഐ.ടി,അശോക് ബിൽകോൺ എന്നീ കമ്പനികളുടെ ഉപകരാറുകൾ കൊടുക്കുന്നത് പ്രസാദിയോക്കാണെന്നും എല്ലാത്തിന്‍റെയും കമ്മീഷനും ലാഭവും പോകുന്നത് ഒരു പെട്ടിയിലേക്കാണെന്നും സതീശൻ ആരോപിച്ചു.
ഈ പ്രസാദിയോ കമ്പനിക്ക് കേരളത്തിലെ ഭരണപക്ഷവുമായുള്ള ബന്ധമെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഒന്നാം പിണറായി വിജയൻ സർക്കാറിന്‍റെ കാലത്തു നടന്ന കൊള്ള രേഖകൾ ഹാജരാക്കിയാണ് ആരോപണം ഉന്നയിച്ചതെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകാശവാണിക്ക് സമാനമാണെന്നും എ ഐ കാമറ അഴിമതിയിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പ്രസാദിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് പറയുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് ആരാണ് പ്രതിപക്ഷനേതാവെന്ന സംശയമുണ്ടെങ്കിൽ മാറ്റിക്കൊടുക്കാം, എല്ലാ അഴിമതി ആരോപണങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിക്കണം എന്നില്ല. താനുമായി ആലോചിച്ചാണ് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിക്കുന്നത്. തന്‍റേടമുണ്ടെങ്കിൽ മറുപടി പറയണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
മടിയിൽ കനമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്’ എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ ഫോണിൽ നടന്നത് എ.ഐ കാമറ പദ്ധതിയിലുള്ളതിനേക്കാൾ വലിയ അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.