സിസോദിയ ഒരു സന്യാസി; അദ്ദേഹത്തെ ജയിലിലടച്ചതിന് പ്രധാനമന്ത്രിക്ക് ശാപം നേരിടേണ്ടിവരും: കെജ്രിവാൾ


ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ തന്റെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒരു ‘സന്യാസി’ ആണെന്നും അദ്ദേഹത്തെ ജയിലിലടച്ചതിന് വിദ്യാർത്ഥികളുടെയും പാവപ്പെട്ടവരുടെയും ശാപം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടേണ്ടിവരുമെന്നും പറഞ്ഞു. കെജ്‌രിവാൾ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിന്റെ പ്രാന്തപ്രദേശത്തുള്ള ജോറ ഗ്രൗണ്ടിൽ എഎപി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
സിസോദിയയെ ‘സന്യാസി’/ ‘മഹാത്മാ’ എന്ന് വിളിച്ച കെജ്‌രിവാൾ, അദ്ദേഹത്തെ ജയിലിലടച്ചതിന് പ്രധാനമന്ത്രി മോദി ഡൽഹിയിലെ വിദ്യാർത്ഥികളുടെയും പാവപ്പെട്ടവരുടെയും ശാപം നേരിടേണ്ടിവരുമെന്ന് പറഞ്ഞു.
കഴിഞ്ഞ 23 വർഷമായി ബിജെപിയും കോൺഗ്രസും ഛത്തീസ്ഗഢിനെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം അഴിമതിയിൽ നിന്നും ‘മാഫിയ രാജ്’ യിൽ നിന്നും മുക്തമാക്കാൻ സംസ്ഥാനത്ത് തന്റെ പാർട്ടിക്ക് അവസരം നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി മോദി വ്യവസായി ഗൗതം അദാനിയെ തന്റെ ‘മുഹ്-ബോള’ സഹോദരനെപ്പോലെ സ്നേഹിക്കുന്നുവെന്നും രാജ്യത്തെ എല്ലാം അദ്ദേഹത്തിന് കൈമാറുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു. അതേസമയം, ഡൽഹി എക്സൈസ് നയം 2021-22 ലെ ക്രമക്കേടുകൾ ആരോപിച്ച് ഫെബ്രുവരി 26 ന് സിസോദിയയെ അറസ്റ്റ് ചെയ്യുകയും സിബിഐ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്യുകയായിരുന്നു.