സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വയനാട്ടിലെ കാരയ്ക്കാമല മഠത്തിന് മുന്നില്‍ സത്യഗ്രഹമാരംഭിക്കും.
മഠം അധികൃതര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും നിരന്തരം ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിനൊരുങ്ങുന്നത്.
ഭക്ഷണം നിഷേധിച്ചും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയും ദിവസം തോറും പീഡനം കടുപ്പിക്കുകയാണ് അധികൃതരെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു. ഓഗസ്റ്റില്‍ തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവം തുടരുന്നതായാരോപിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുര സമരം പ്രഖ്യാപിച്ചത്.
മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ഇവരുടെ ശ്രമം. നിലവിലെ കേസ് കഴിയുന്നതു വരെ മഠത്തിന്‍റെ എല്ലാ സൗകര്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഈ വിധി മാനിക്കാതെയാണ് മഠം അധികൃതര്‍ ഉപദ്രവങ്ങള്‍ തുടരുന്നത് എന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.