സീതാന്‍ഷു കൊടാക് ; അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഇന്ത്യൻ ടീമിന് പുതിയ പരിശീലകന്‍
ഓഗസ്റ്റ് 18ന് അയര്‍ലന്‍ഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി മുന്‍ സൗരാഷ്ട്ര ക്യാപ്റ്റനും ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് കോച്ചുമായ സീതാന്‍ഷു കൊടാക് ജോയിൻ ചെയ്യും. നേരത്തെ ഇന്ത്യ എ ടീമിന്‍റെ ബംഗ്ലാദേശ് പര്യടനത്തില്‍ സീതാന്‍ഷു കൊടാക് പരിശീലകനായിരുന്നിട്ടുണ്ട്.
അതേസമയം ടീം ഏഷ്യാ കപ്പിന് മുന്നോടിയായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഒരു ആഴ്ചത്തെ പരിശീലക ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. ഈ ക്യാംപിലെ ചുമതല വഹിക്കേണ്ടതിനാലാണ് ലക്ഷ്മണ്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ പരിശീലകനായി പോകാത്തത് എന്നാണ് സൂചന.
സിതാന്‍ഷു കൊടാക്കിനൊപ്പം സായ്‌രാജ് ബഹുതുലെ ബൗളിംഗ് പരിശീലകനാവും. ടീമിലെ സീനിയര്‍ താരങ്ങള്‍ വിട്ടു നില്‍ക്കുന്ന പരമ്പരയില്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ നയിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.