പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കി സീതാറാം യെച്ചൂരി

single-img
22 April 2024

രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ മുസ്ലീങ്ങള്‍ക്കെതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് സമൂഹത്തിൽ വിദ്വേഷം സൃഷ്ടിച്ചതിന് മോദിയ്ക്കെതിരായി കേസെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മോദി നടത്തിയ വിദ്വേഷപ്രസംഗത്തെ കുറിച്ച് വിവിധ ദിനപത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും പരാതിയ്ക്കൊപ്പം യെച്ചൂരി കൈമാറി.

രാജസ്ഥാനില്‍ അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗമാണ് പ്രധാനമന്ത്രി മോദി നടത്തിയത്. മുസ്ലീങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട് ‘നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൊടുക്കണോ’യെന്നാണ് മോദി റാലിയില്‍ പങ്കെടുത്തവരോട് ചോദിച്ചത്.

പത്രങ്ങള്‍ക്ക് പുറമെ മറ്റ് മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മോദിയുടെ പ്രസംഗം വ്യാപകമായി പ്രചരിച്ചു. ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവെയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3) വകുപ്പിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെയും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതിനെതിരെയും മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നതിനെതിരെയുമെല്ലാം തിരഞ്ഞെടുപ്പ് കമീഷന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് കൃത്യമായ ഉപദേശം നല്‍കാറുണ്ട്. മാര്‍ച്ച് ഒന്നിന് കമീഷന്‍ പുറത്തുവിട്ട സര്‍ക്കുലറിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മോദിയുടെ പ്രസംഗം കമീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.

തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മോദി നടത്തിയിട്ടുള്ള ചട്ടലംഘനങ്ങള്‍ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയും മറ്റും പരാമര്‍ശിച്ച് മതവികാരം ഇളക്കിവിട്ട് മോദി നടത്തിയ പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഏപ്രില്‍ 13 ന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ രാമന് എതിരാണ് എന്ന തരത്തില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ ആ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഒരു നടപടിയും ഉണ്ടായില്ല.

ഒരു മതവിഭാഗത്തെയാണ് ഇപ്പോള്‍ കൃത്യമായി ലക്ഷ്യംവെച്ചത്. ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിന് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കീഴ്വഴക്കമുണ്ട്. ഇപ്പോഴത്തെ പരാതി പരിഗണിച്ച് എത്രയും വേഗത്തില്‍ മോദിക്കും ബിജെപിയ്ക്കുമെതിരായി നടപടിയെടുക്കണം. നടപടിക്ക് തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത കൂടുതല്‍ ഇടിയുകയും സ്വതന്ത്രവും നീതിയുക്തവുമായുള്ള തിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്യും – യെച്ചൂരി പരാതിയില്‍ ചൂണ്ടിക്കാട്ടി.