സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഡല്‍ഹിയിലെ വസതിയില്‍ എത്തിച്ചു

single-img
13 September 2024

കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഡല്‍ഹി വസന്ത് കുഞ്ചിലെ വസതിയില്‍ എത്തിച്ചു. ഇന്ന് രാത്രി മുഴുവന്‍ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ പത്ത് മണിയോടെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി സെന്ററിലേയ്ക്ക് ഭൗതിക ശരീരം എത്തിക്കും.

അവിടെ പതിനൊന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നാലെ ഡല്‍ഹി എയിംസിലെ അനാട്ടമി വിഭാഗത്തിന് പഠനത്തിനായി കൈമാറും. സീതാറാം യെച്ചൂരി ദീര്‍ഘനാള്‍ താമസിച്ചിരുന്നത് വസന്ത് കുഞ്ചിലെ വസതിയിലാണ്.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സീതാറാമിന്റെ ഭൗതിക ശരീരം ഡൽഹി എയിംസില്‍ നിന്ന് സിപിഎം നേതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയത്. പിന്നാലെ അദ്ദേഹം പഠിച്ച ജെഎന്‍യുവില്‍ പൊതുദര്‍ശനത്തിന് വച്ചു.