എഐ ക്യാമറ: മുഖ്യമന്ത്രി തലയില്‍ മുണ്ടിട്ട് പോകേണ്ട അവസ്ഥയാണ് വരാന്‍ പോകുന്നത്: വിഡി സതീശൻ
സംസ്ഥാനത്തെ എഐ ക്യാമറ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ താൻ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കും. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മൗനം തുടരുന്ന മുഖ്യമന്ത്രി കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതോടൊപ്പം തന്നെ, എസ്ആര്‍ഐടിയുടെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയെന്ന് വി ഡി സതീശന്‍ അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണം പിന്‍വലിക്കില്ലെന്ന് കാട്ടിയാണ് മറുപടി അയച്ചത്. ടെന്‍ഡറില്‍ മറ്റ് രണ്ട് കമ്പനികളുമായി മത്സരിച്ച് വന്‍ തുകയ്ക്കാണ് ടെന്‍ഡര്‍ നേടിയത്. എല്ലാ നിബന്ധനകളും അട്ടിമറിച്ചാണ് ഉപകരാര്‍ നല്‍കിയതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സസ്ഥാനത്തിപ്പോൾ കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. പ്രസാദിയോ കമ്പനിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആരോപണം അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ഏത് ഏജന്‍സി അന്വേഷിച്ചാലും സര്‍ക്കാരിന് വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ പറ്റില്ല. മുഖ്യമന്ത്രി തലയില്‍ മുണ്ടിട്ട് പോകേണ്ട അവസ്ഥയാണ് വരാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ പരിഹസിച്ചു.