ക്രിക്കറ്റ് ബോളിൽ ഉമിനീർ പുരട്ടുന്ന രീതി തിരികെക്കൊണ്ടുവരണം; കാരണം വിശദീകരിച്ച് സച്ചിന്‍

single-img
20 March 2023

ബോൾ ചെയ്യുന്നതിന് മുൻപായി ക്രിക്കറ്റ് താരങ്ങൾ പന്തിൽ ഉമിനീർ പുരട്ടുന്നത് ക്രിക്കറ്റ് മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. പക്ഷെ ഏതാനും വർഷങ്ങൾക്ക് മുൻപ് കോവിഡ് വ്യാപന കാലത്ത് ഈ രീതി കർശനമായി നിരോധിച്ചു. കോവിഡ് ഭീതി മാറിയിട്ടും ഈ നിയന്ത്രണം തുടരുന്നുണ്ട്. എന്നാൽ ഇപ്പോൾ ബോളിൽ ഉമിനീർ പുരട്ടുന്ന രീതി തിരികെക്കൊണ്ടുവരണമെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പറയുന്നത്.

കോവിഡ് വൈറസ് വ്യാപന കാലത്ത് ഈ രീതിയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് താൻ അംഗീകരിക്കുന്നുവെന്നും എന്നാൽ കൊവിഡ് ഭീഷണി കുറയുന്ന ഇക്കാലത്ത് ഈ നിയന്ത്രണം തുടരേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സച്ചിന്റെ വാക്കുകൾ ഇങ്ങിനെ: ” ഞാൻ ഒരു മെഡിക്കൽ വിദഗ്ധൻ അല്ല. എന്നാൽ പന്തിൽ ഉമിനീർ പുരട്ടുന്ന രീതി തിരികെ കൊണ്ടുവരണം. കഴിഞ്ഞ 100 വർഷത്തിലധികമായി ഈ രീതി നിലവിലുണ്ട്. അന്നൊന്നും പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ 2020 കോവിഡ് കാലത്ത് ഇവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ തീരുമാനം ഉചിതമായിരുന്നു. എന്നാൽ ഇപ്പോൾ ആ ഘട്ടം കഴിഞ്ഞിരിക്കുന്നു.

പന്തിൽ ഉമിനീർ പുരട്ടുന്നത് ഒരുപക്ഷെ ശുചിത്വമില്ലാത്ത രീതിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും. ചിലരൊക്കെ ബോൾ കക്ഷത്തിനിടയിൽ വെച്ച് വിയർപ്പ് പറ്റിക്കുന്നത് കണ്ടിട്ടുണ്ട്. പുതിയ ബോളാകുമ്പോൾ ഉമിനീർ പുരട്ടേണ്ടത് അത്യാവശ്യമാണ്. കാരണം വിയർപ്പിനെക്കാൾ വ്യത്യസ്തമാണ് ഉമിനീർ. ബോളിന്റെ ഒരു വശം ഭാരമുള്ളതായും മറ്റൊരുവശം ഭാരക്കുറവോടെയും നിലനിർത്താൻ നിങ്ങളെ ഇത് സഹായിക്കും. ഇത് ബോൾ സ്വിംഗ് ചെയ്യാൻ സഹായിക്കും,’ സച്ചിൻ പറഞ്ഞു.