ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം സ്വര്‍ണം കടത്തിയത്; കരിപ്പൂരില്‍ പിടിയിലായ 19 കാരിയുടെ മൊഴി


കോഴിക്കോട്: ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വര്‍ണം കടത്തിയതെന്ന് കരിപ്പൂരില്‍ പിടിയിലായ 19 കാരിയുടെ മൊഴി.
ഞായറാഴ്ച രാത്രിയാണ് കാസര്‍കോട് സ്വദേശിനി ഷഹല കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു വെച്ച് പൊലീസിന്റെ പിടിയിലായത്. ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്.
ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. ഒരു കോടി രൂപ വിലവരുന്ന 1884 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍, വിമാനത്താവളത്തിന് പുറത്തു വെച്ചാണ് യുവതിയെ പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷഹലയെ തടഞ്ഞത്. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷഹല പറഞ്ഞത്. തുടര്‍ന്ന് യുവതിയുടെ ലഗേജുകള്‍ പരിശോധിച്ചു.
എന്നാല്‍ ലഗേജുകളില്‍ നിന്ന് സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തിയതോടെയാണ് ഉള്‍വസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്ത നിലയില്‍ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടുന്ന 87-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.