കോൺഗ്രസുകാരുടെ വെള്ള വസ്ത്രം ആകർഷിക്കാറുണ്ട്; അതിനാൽ കോണ്‍ഗ്രസുകാരനാവാന്‍ ആഗ്രഹമുണ്ട് : എം മുകുന്ദൻ
കോൺഗ്രസ് നേതാക്കളുടെ വെളള വസ്ത്രം തന്നെ ആകർഷിക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ കോൺഗ്രസുകാരനാകാൻ ആഗ്രഹമുണ്ടെന്നും പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന സുഭാഷ് ചന്ദ്രന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ പൊതുവെ വെള്ളവസ്ത്രം ധരിക്കാറില്ല.
അവർ എപ്പോഴും കടുത്ത നിറത്തിലുളള കുപ്പായങ്ങളാണ് ധരിക്കുന്നത്. എന്നാൽ കോൺഗ്രസുക്കാരെ എപ്പോഴും വെളള വസ്ത്രത്തിലാണ് കാണുന്നത്. അത് എന്നെ ആകർഷിക്കാറുണ്ട്. അതിനാൽ കോണ്‍ഗ്രസുകാരനാവാന്‍ ആഗ്രഹമുന്ധ . – എം മുകുന്ദൻ പറഞ്ഞു.
ഈ സമയം വേദിയിലുണ്ടായ പ്രതിപക്ഷ നേതാവ് എം മുകുന്ദന് മറുപടിയായി ഈ കാലഘട്ടത്തിൽ കമ്യൂണിസ്റ്റായാലും കോണ്‍ഗ്രസായാലും സത്യം പറയാനുള്ള ആര്‍ജവം മതിയെന്നാണ് പ്രതികരിച്ചത്. വി ഡി സതീശനൊപ്പമുളള ഒരു യാത്രാ അനുഭവവും എം മുകുന്ദൻ പങ്കുവെച്ചു.
രാഷ്ട്രീയക്കാര്‍ പൊതുവേ വായിക്കാറില്ലയെന്ന് പറയാറുണ്ട്. ഒരിക്കല്‍ തിരുവനന്തപുരത്തേക്ക് തീവണ്ടിയില്‍ യാത്രയിൽ ഒരാൾ പുസ്തകം വായിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. ആ വ്യക്തി വി ഡി സതീശനായിരുന്നു. രാഷ്ട്രീയക്കാരില്‍ അദ്ദേഹം നല്ലൊരു വായനക്കാരനാണ്.
അന്ന് ട്രെയിനിൽ വെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് വലിയ അത്ഭുതമായിരുന്നു. ഞാനൊരു കമ്യൂണിസ്റ്റ് സഹയാത്രികനാണല്ലോ അതുകൊണ്ട് കോണ്‍ഗ്രസ് നേതാവിന്റെ അടുത്തുപോവാന്‍ എനിക്ക് ഭയവും സന്ദേഹവുമുണ്ടായിരുന്നു. പക്ഷേ അന്ന് സതീശനുമായി കുറച്ചുനേരം സംസാരിച്ചുവെന്നും എം മുകുന്ദൻ പറഞ്ഞു.