ബിജെപിയിൽ നിന്നും എന്നെ പുറത്താക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനുളള വെളളം വാങ്ങിവെക്കണം: ശോഭാ സുരേന്ദ്രൻ


ബിജെപി സംസ്ഥാന ഘടകത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ഉള്ളിൽ നിന്നുള്ള നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനുളള വെളളം വാങ്ങിവയ്ക്കണമെന്ന് ശോഭ സുരേന്ദ്രൻ ഇന്ന് പരസ്യമായി തുറന്നടിച്ചു.
തെരഞ്ഞെടുപ്പിൽ തനിക്ക് അവസരം നല്‍കുന്നതിനെ ചൊല്ലി ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന തര്‍ക്കത്തേക്കുറിച്ച് ശോഭാ സുരേന്ദ്രന്‍ കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു. ‘ഇത് എന്റെ കൂടി പാര്‍ട്ടിയാണ്. അല്ലെന്ന് വരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആ വെള്ളം വാങ്ങിവെച്ചേക്കണം. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോടാണ് എനിക്ക് പ്രതിബദ്ധത. അതുമായാണ് മുന്നോട്ട് പോകുന്നത്. ആ വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാം.
ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. ഇനി ഞാൻ റോഡിലാണ്, ബൂത്തുതല പ്രവര്‍ത്തകരോടൊപ്പമാണ്, നമുക്ക് കാണാമല്ലോ”- ശോഭാ സുരേന്ദ്രൻ പറഞ്ഞു.