ഗുരുതര നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് സാമൂഹ്യ സേവന പരിശീലനം നിര്‍ബന്ധമാക്കാൻ തീരുമാനം
ഗുരുതരമായ രീതിയിൽ നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് സാമൂഹ്യ സേവന പരിശീലനം നിര്‍ബന്ധമാക്കാൻ ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
പുതിയ തീരുമാന പ്രകാരം ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കാണ് മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തുന്നത്.
ഇത്തരത്തിലുള്ള ഡ്രൈവമാർക്ക് സംസ്ഥാനത്തെ വിവിധ ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലുമാണ് നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കും.
ഇതോടൊപ്പം തന്നെ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളില്‍ ഓടുന്ന സ്റ്റേജ് ക്യാരിയേജുകള്‍, ഗുഡ്‌സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരെയായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന-പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.
മാത്രമല്ല, നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. അപകടകരമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന പ്രചരണം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും കര്‍ശന നിയമ നടപടി കൈക്കൊള്ളുമെന്നും യോഗത്തില്‍ തീരുമാനമായി.