കെ മുരളീധരനെ വിമര്‍ശിച്ചതായി ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തു: കെ സുധാകരൻ

single-img
18 July 2024

സംസ്ഥാനത്തെ കോൺഗ്രസിലെ ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും കെപിസിസി സംഘടിപ്പിച്ച ക്യാമ്പിലുണ്ടായിട്ടില്ലെന്ന് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമാണ് വയനാട്ടിലെ കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ പങ്കെടുത്ത ഓരോ പ്രതിനിധിയും പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു .

പക്ഷെ ക്യാമ്പില്‍ കെ.മുരളീധരനെ ചിലര്‍ വിമര്‍ശിച്ചതായി ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള വാര്‍ത്ത പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ്വും ദിശാബോധവും നല്‍കുന്ന ചര്‍ച്ചകളാണ് കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവ് നടന്നത്.

കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലാദ്യമാണ് സംഘടനാചര്‍ച്ചകള്‍ പുറത്തുവരാതെ നടത്തിയ ഈ സമ്മേളനം. ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. ഇതിന് കടകവിരുദ്ധമായ വാര്‍ത്ത എവിടെന്നാണ് ലഭിച്ചത് എന്നത് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു