വിഴിഞ്ഞത്ത് സംഘര്ഷമുണ്ടാക്കാൻ ചിലർ മനഃപൂര്വം ശ്രമിക്കുന്നു: ശിവന്കുട്ടി
വിഴിഞ്ഞത്ത് സംഘര്ഷമുണ്ടാക്കാൻ ചിലർ മനഃപൂര്വം ശ്രമിക്കുന്നു എന്ന് മന്ത്രി ശിവൻകുട്ടി. പ്രശ്നപരിഹാരത്തിനു നിരവധിതവണ സര്ക്കാര് ചര്ച്ചയ്ക്ക് തയാറായി. ഒരിക്കലും അംഗീകരിക്കാന് കഴിയാത്ത ആവശ്യങ്ങളാണ് സമരക്കാര് മുന്നോട്ട് വയ്ക്കുന്നതെന്നും ശിവന്കുട്ടി പറഞ്ഞു.
അതേസമയം വിഴിഞ്ഞത്ത് സംഘർഷം തുടരുന്നു. കോടതി ഉത്തരവിനെ തുടർന്ന് മുടങ്ങിക്കിടന്ന തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് സമരക്കാർ വീണ്ടും പ്രതിഷേധവുമായെത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് 40ലേറെ ലോറികൾ കല്ലുമായി പദ്ധതി പ്രദേശത്തെത്തിയത്. ഇതോടെ സമരസമിതി പ്രവർത്തകരെത്തി വാഹനങ്ങൾ തടഞ്ഞു. ലോറികൾക്ക് മുന്നിൽ കിടന്നുകൊണ്ടായിരുന്നു തീരദേശവാസികളുടെ പ്രതിഷേധം.
എന്നാൽ, വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ സമരക്കാർക്കെതിരെ പ്രതിഷേധമുണ്ടായി. ഇവരും സംഘമായി എത്തിയതോടെ പൊലീസ് കുഴഞ്ഞു. ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. തുറമുഖത്തെ അനുകൂലിക്കുന്നവർക്ക് നേരെ സമരക്കാർ വലിയ കല്ലുകൾ എറിഞ്ഞ് പ്രകോപനം സൃഷ്‌ടിക്കുകയാണ്. സംഘർഷമുണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയോടൊണ് പൊലീസ് പ്രവർത്തിക്കുന്നത്. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാദ്ധ്യത നിലനിൽക്കുകയാണ്.