അച്ഛനേയും അമ്മയേയും കുത്തി മയക്കുമരുന്നിന് അടിമയായ മകൻ

17 October 2022

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മയക്കുമരുന്നിന് അടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഷാജി, ബിജി എന്നിവർക്കാണ് കുത്തേറ്റത്. കടുത്ത ലഹരിക്കടിമയായ മകൻ ഷൈന്‍ കുമാര്‍ ആണ് കുത്തിയത്.
അക്രമാസക്തനായ ഷൈനിനെ മൽപ്പിടിത്തത്തിന് ഒടുവിലാണ് പൊലീസിന് കീഴടക്കാനായത്. പൊലീസ് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തു. പൊലീസുമായുള്ള മൽപ്പിടിത്തത്തിൽ ഷൈനിനും പരിക്കേറ്റിട്ടുണ്ട്.
അച്ഛന് നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്‍ കുമാര്‍ കൂടിയ ഇനം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നുണ്ട്. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ ആക്രമണം.