ലഡാക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം തുടരുന്നു


ലേ: ലഡാക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രമണ്‍ മാഗ്‌സസെ പുരസ്‌കാര ജേതാവും ത്രീ ഇഡിയറ്റ്‌സ് സിനിമക്ക് പ്രചോദനവുമായ ജീവിതത്തിന്റെ ഉടമയായ സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം തുടരുന്നു.
റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് വാങ്ചുക് കൊടും തണുപ്പില്‍ നിരാഹാര സമരം ആരംഭിച്ചത്. അഞ്ച് ദിവസത്തേക്കാണ് നിരാഹാര സമരം.
നിരാഹാര സമരം തുടങ്ങി മൂന്നാം നാള്‍ പൊലീസ് തന്നെ വീട്ടു തടങ്കലിലാക്കിയെന്ന് സോനം ട്വിറ്ററില്‍ കുറിച്ചു. തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും താന്‍ ഒരു പ്രസ്താവനയും നടത്തരുതെന്നും ഒരു മാസത്തേക്ക് ലേയില്‍ നടക്കുന്ന പൊതുയോഗങ്ങളിലടക്കം പങ്കെടുക്കരുതെന്ന് ബോണ്ട് ഒപ്പിട്ടു വാങ്ങിയെന്നുമായിരുന്നു ആരോപണം. അതേസമയം പൊലീസ് ഇക്കാര്യം നിഷേധിച്ചു. ഖാര്‍ദുങ് ലാ ചുരത്തില്‍ താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിനു താഴെയായതിനാല്‍ അവിടെ അഞ്ച് ദിവസത്തെ ഉപവാസം നടത്താന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. ലഡാക്കിലെ അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപവാസം അനുഷ്ഠിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്ന് ലേയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് പി ഡി നിത്യ പറഞ്ഞു.
പിന്നാലെ താന്‍ വീട്ടു തടങ്കലിലല്ലെന്നും പൊലീസ് തനിക്ക് സുരക്ഷയൊരുക്കിയതാണെന്നും സോനം വാങ്ചുക് ട്വീറ്റ് ചെയ്തു. കൊടും തണുപ്പില്‍ നിരാഹാരമിരിക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് സോനം വാങ്ചുകിന്‍റെ ട്വീറ്റ്. മൈനസ് 9 ഡിഗ്രി സെല്‍ഷ്യസിലാണ് ഇപ്പോള്‍ ലഡാക്കിലെ തണുപ്പ്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ മൂന്നില്‍ രണ്ട് ഹിമാനികള്‍ നശിച്ചുകഴിഞ്ഞെന്നും ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. ഭരണഘടനയുടെ ആറാം ഷെഡ്യുള്‍ പ്രകാരംലഡാക്കിന് സംരക്ഷണം ഉറപ്പ് നല്‍കണമെന്നും സോനം വാങ്ചുക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.