അധ്യക്ഷനായതിനു പിന്നാലെ പതിവിനു വിരുദ്ധമായി സോണിയ ഗാന്ധി ഖാർഗെയെ സന്ദർശിച്ചു

single-img
19 October 2022

കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ സോണിയ ഗാന്ധി ഖാർഗെയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു. മല്ലികാർജുൻ ഖാർഗെ സോണിയ ഗാന്ധിയെ സന്ദർശിക്കാൻ സമയം ചോദിച്ചിരുന്നു എങ്കിലും അപ്പോയിന്റ്മെന്റ് കിട്ടിയില്ലായിരുന്നു. തൊട്ടു പിന്നാലെയാണ് 10 രാജാജി മാർഗിലേ ഖാർഗെയുടെ വീട്ടിലേക്കു സോണിയ ഗാന്ധി എത്തിയത്.

ഖാർഗെയുടെ വീട്ടിൽ സോണിയാ ഗാന്ധി നടത്തിയ സന്ദർശനം കൃത്യമായ അധികാര കൈമാറ്റം എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. മൻമോഹൻ സിംഗ് പ്രധാന മന്ത്രി ആയിരുന്ന കാലത്തു സോണിയ അദ്ദേഹത്തെ സന്ദർശിക്കുമായിരുന്നു എന്നത് ഒഴിച്ച് നിർത്തിയാൽ പാർട്ടി നേതാവിന്റെ വീട്ടിൽ സോണിയ ഗാന്ധി അപൂർവമായേ പോയിട്ടുള്ളൂ.

എല്ലാ കോൺഗ്രസ് അംഗങ്ങളെയും പോലെ താനും “ഖർഗെ-ജി”ക്ക് റിപ്പോർട്ട് ചെയ്യുമെന്ന് നേരത്തെ രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ നെഹ്‌റു കുടുംബത്തിന് പുറത്തുള്ള അധ്യക്ഷനാണ് ഖാർഗെ.