അധ്യക്ഷ തെരഞ്ഞെടുപ്പ്: ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഉറപ്പു നല്‍കി: ശശി തരൂര്‍


കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളായ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും നാമനിർദേശ പത്രിക നൽകി. ഇവർക്കൊപ്പം മുൻ ഝാർഖണ്ഡ് മന്ത്രി കെഎൻ ത്രിപാഠിയും മത്സര രംഗത്തുണ്ട്.
നാമനിർദ്ദേശ പത്രിക നൽകുന്നതിനുള്ള അവസാന ദിനമായ ഇന്ന് തെരഞ്ഞെടുപ്പു സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രിക്കാണ് മത്സരാർഥികൾ പത്രിക നൽകിയത്. സാധാരണക്കാരായ പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് തരൂർ പത്രിക നൽകാനെത്തിയത്.
സംഘടനയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഗാന്ധി ഉറപ്പു നൽകിയിട്ടുണ്ടെന്നും, നാമനിർദേശ പത്രിക നൽകിയ ശേഷം തരൂർ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. ഭാവിയിലേക്കു കോൺഗ്രസിനെ നയിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് തരൂർ പറഞ്ഞു.
കോൺഗ്രസിലെ വിമത ഗ്രൂപ്പായ ജി 23ന്റെ പിന്തുണ ഖാർഗെയ്ക്കാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ജി 23 എന്നത് മാധ്യമങ്ങളുടെ സങ്കൽപ്പം മാത്രമാണെന്നായിരുന്നു തരൂരിന്റെ മറുപടി. കോൺഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ചപ്പാടുണ്ട്. അത് 90,000ലേറെ വരുന്ന പ്രതിനിധികളെ അറിയിക്കും. താത്പര്യമുള്ളവർ തനിക്ക് വോട്ടു ചെയ്യുമെന്ന് തരൂർ പറഞ്ഞു.
ഇതോടൊപ്പം തന്നെ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള പ്രകടനപത്രിക തരൂർ പുറത്തിറക്കി. കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.