സോണിയാ – രാഹുല്‍ – മന്‍മോഹന്‍ സിംഗ് എന്നിവർക്ക് കോൺഗ്രസ് പ്രവര്‍ത്തക സമിതിയിൽ ആജീവനാന്ത അംഗത്വം
പ്രവര്‍ത്തക സമിതിയുടെ അംഗസംഖ്യ 35 ആയി വര്‍ദ്ധിപ്പിച്ച് കോണ്‍ഗ്രസ് പാർട്ടിയുടെ ഭരണഘടനാ ഭേദഗതി. ഇപ്പോൾ 25 ആണ് പ്രവര്‍ത്തകസമിതിയുടെ അംഗസംഖ്യ. ഇതോടൊപ്പ്പം എഐസിസി അംഗങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ആറ് പിസിസി അംഗങ്ങള്‍ക്ക് ഒരു എഐസിസി അംഗം എന്നതാണ് പുതിയ മാനദണ്ഡം.
ഇതോടൊപ്പം മുന്‍ എഐസിസി അധ്യക്ഷന്‍, മുൻ പ്രധാനമന്ത്രി, രണ്ട് സഭകളിലെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം മുന്‍ പാര്‍ട്ടി അധ്യക്ഷന്‍മാരെയും മുൻ പ്രധാനമന്ത്രിമാരെയും പ്രവര്‍ത്തന സമിതിയില്‍ ഉള്‍പ്പെടുത്തുക വഴി സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് ആജീവനാന്ത പ്രതിനിധികളായി പ്രവര്‍ത്തക സമിതിയില്‍ തുടരാനുള്ള വഴി തുറന്നിരിക്കുകയാണ്.
കാരണം, നിലവില്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ഇവര്‍ക്ക് മൂവര്‍ക്കും മാത്രമാണ് ഈ മാനദണ്ഡപ്രകാരം പ്രവര്‍ത്തകസമിതിയില്‍ ഇടംനേടാൻ സാധിക്കുകയുള്ളു. രാജ്യത്തെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും സമഗ്രതയും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന രാഷ്ട്രീയ പ്രമേയവും എണ്‍പത്തിയഞ്ചാം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചു.
പ്രത്യക്ഷവും പരോക്ഷവുമായ വിവിധ നടപടികളാല്‍ ബിജെപി സര്‍ക്കാര്‍ ജുഡീഷ്യറിയെ നിരന്തരം വെല്ലുവിളിക്കുകയാണ് എന്ന് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് പറഞ്ഞു.