സിദ്ദിഖിന് സിം കാർഡും ഡോങ്കിളും എത്തിച്ചത് മകന്റെ സുഹൃത്തുക്കൾ: അന്വേഷണ സംഘം
സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ അന്വേഷണ ഭാഗമായി കസ്റ്റഡിയിലെടുത്ത സാഹചര്യം വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖ് മൊബൈലിൽ സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഈ കാര്യത്തെ കുറിച്ച് ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും നിലവിൽ ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചുവെന്നും ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണം സംഘം അറിയിച്ചു.
സിദ്ദിഖിനെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പൊലീസ് കസ്റ്റഡിക്കെതിരെ ഇവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇവർ പരാതി നൽകിയിട്ടുണ്ട്.