കോൺഗ്രസ് നേതാക്കളുടെ മക്കൾ മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്: എ കെ ആന്റണി
കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ ചേരുന്നത് തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പത്തനംതിട്ടയിൽ മണ്ഡലത്തിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കുമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ മക്കൾ മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ശീലം ഞാൻ പഠിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആന്റണി പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ അനിൽ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം. പത്തനംതിട്ടയിൽ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് എൻഡിഎ സ്ഥാനാർത്ഥി.
അതേപോലെ തന്നെ ജീവിക്കാൻ ഗതിയില്ലാതെ കാശിനു വേണ്ടി റഷ്യയിൽ യുദ്ധം ചെയ്യാൻ പോലും മലയാളികൾ പോകുന്നു. കേരളത്തിൽ ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കൾ ചിന്തിക്കുന്നു. ചെറുപ്പക്കാരുടെ ഒഴുക്ക് വിദേശത്തേക്ക് ഉണ്ടായിട്ട് മുഖ്യമന്ത്രി എന്ത് ചെയ്യുന്നു. കേരളം അന്യ സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന ഇടമായി മാത്രം മാറിയേക്കും. ജനങ്ങൾ കഷ്ടപ്പെടുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുന്നു. ഇടതുപക്ഷത്തിന് തുടർഭരണം നൽകിയതാണ് ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.