പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും? അമിത് ഷായും അജിത് ഡോവലും സ്ഥിതി വിലയിരുത്തി
റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗം ഇത് സംബന്ധിച്ച് ചർച്ച നടത്തി എന്നാണു ലഭിക്കുന്ന സൂചന. യോഗത്തിൽ ആഭ്യന്തര സെക്രട്ടറി, NIA യുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു എന്നാണു ലഭിക്കുന്ന വിവരം.
കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗത്തിലാണ് പോപ്പുലർ ഫ്രെണ്ടിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനം ആയതു. ഇതിന്റെ ഭാഗമായിട്ടാണ് 13 സംസ്ഥാനങ്ങളിലായി നടന്ന റെയിഡ്. രാജ്യവ്യാപകമായി കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡിൽ 106 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ തുടങ്ങിയവരെ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ രഹസ്യ ഓപ്പറേഷൻ പല സംസ്ഥാന സർക്കാരുകളും അറിയാതെയാണ് എൻഐഎ നടപ്പാക്കിയത്. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നിരീക്ഷിച്ചുവെന്നാണ് സൂചന.
പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ഇഡി സർക്കാരുമായി പങ്കുവെച്ചിരുന്നു