24 മണിക്കൂറിലധികം നീണ്ടുനിന്ന ശസ്തക്രിയ; അതിഥി തൊഴിലാളിയുടെ അറ്റുപോയ കരങ്ങൾക്ക് പുതുജീവനേകി എസ് പി ഫോർട്ട് ഹോസ്പിറ്റൽ
പൊന്മുടി സംസ്ഥാന ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് വിതുരയിലെ തൊഴിൽ സ്ഥലത്തുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളി പ്രകാശ് ബൈരകിന്റെ അറ്റുപോയ വലതുകൈ എസ് പി ഫോർട്ട് ആശുപത്രിയിൽ വിജയകരമായി കൂട്ടിച്ചേർത്തു.
രണ്ടു ദിവസമായി 24 മണിക്കൂറിലധികം നീണ്ടുനിന്ന ശസ്തക്രിയയിലൂടെ പ്ലാസ്റ്റിക് ആൻഡ് മൈക്രോവാസ്ക്യുലാർ സർജൻ വിജയകുമാറിന്റെ നേതൃത്വത്തിൽ സർജന്മാരായ ഡോ.ശാന്തി, ഡോ. പ്രമോദ് എന്നിവരും ഓർത്തോ സർജന്മാരായ ഡോ.അരുൺ, ഡോ. സന്ദീപ് , ഡോ. സുനീഷ് എന്നിവരും അനസ്തസ്റ്റിസ്റ്റ് ഡോ. രാജശേഖരനും ചേർന്നാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
പശ്ചിമബംഗാൾ സ്വദേശിയായ പ്രകാശിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ആൻ ടെക് എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ മിക്സിംഗ് യൂണിറ്റിന്റെ ഉള്ളിൽ കുടുങ്ങിയാണ് പ്രകാശിന്റെ കൈ വേർപെട്ടുപോയത്. കോൺട്രാക്ട് കമ്പനിയുമായുള്ള ധാരണപ്രകാരം കുറഞ്ഞ ചെലവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും എസ്പി ഗ്രൂപ്പിന്റെ ചാരിറ്റി വിഭാഗമായ എസ് പി ആദർശ് ഫൗണ്ടേഷൻ തുടർന്നുള്ള പ്രകാശിന്റെ ദൈനംദിന ചെലവിലേക്കായി 50000 രൂപ നൽകുമെന്നും ആശുപത്രി എം ഡി ഡോ. അശോകൻ എസ് പി അറിയിച്ചു.