മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് തമിഴ്‌നാട്ടിൽ പരിശീലനം നടത്താം; അവസരമൊരുക്കുമെന്ന് എം കെ സ്റ്റാലിന്‍

single-img
23 July 2023

കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് തമിഴ്‌നാട്ടിൽ എത്തി അവരുടെ പരിശീലനം നടത്താന്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇങ്ങിനെയെത്തുന്ന കായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മകനും കായികവകുപ്പുമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തിനായി പൊരുതുന്ന താരങ്ങള്‍ക്ക് ഖേലോ ഇന്ത്യ, ഏഷ്യന്‍ ഗെയിംസ് പോലുള്ള കായികപരിപാടികള്‍ക്ക് സജ്ജരാകാനുള്ള സാഹചര്യമല്ല മണിപ്പൂരില്‍ ഇപ്പോൾ ഉള്ളതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. അടുത്തവർഷം നടക്കാനിരിക്കുന്ന ഖേലോ ഇന്ത്യയുടെ ആതിഥേയര്‍ തമിഴ്നാടാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മണിപ്പൂരില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ തമിഴ്നാട് കായികവകുപ്പിന്റെ ഭാഗമായി ഒരുക്കിക്കൊടുക്കുമെന്ന് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.