പാകിസ്ഥാന് വേണ്ടി ചാര പ്രവൃത്തി നടത്തി; ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ അറസ്റ്റ് ചെയ്തു


പാകിസ്ഥാന് വേണ്ടി ചാര പ്രവർത്തി നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് അറസ്റ്റിലായത്.
മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.
ഇദ്ദേഹത്തിനെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് മഹാരാഷ്ട്ര എടിഎസിന് പരാതി ലഭിച്ചത്. സ്ഥാപനത്തിലെ പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ. പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ ആശയ വിനിമയം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് എടിഎസ് അറിയിച്ചു. വാട്സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്. ഇതിന്റെ തെളിവുകൾ എടിഎസിന് ലഭിച്ചു.
അതേസമയം, പ്രദീപ് കുരുൽക്കർ എന്തൊക്കെ വിവരങ്ങൾ പാക് ഏജൻസിക്ക് വേണ്ടി ചോർത്തി നൽകിയെന്നതിൽ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണെന്നും എടിഎസ് അറിയിച്ചു.
ഡിആർഡിഒ പോലെ തന്ത്രപ്രധാനമായ ഒരു സ്ഥാപനത്തിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഇയാൾ ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന നിലയിൽ പെരുമാറിയെന്നാണ് എടിഎസ് ആരോപിക്കുന്നത്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.