ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭം “ഇനി ഉത്തരം” ഒക്ടോബർ ഏഴിന് തീയറ്ററുകളിൽ എത്തുന്നു
ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമായ “ഇനി ഉത്തരം” തീയറ്ററുകളിലേക്ക് എത്തുവാൻ ഒരുങ്ങുമ്പോൾ തങ്ങളുടെ എല്ലാ സംരംഭങ്ങളെ പോലെ സിനിമയിലേക്കുള്ള വരവും വിജയക്കൊടി പറത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് യുവ വ്യവസായ സംരംഭകരായ വരുൺരാജും അരുൺരാജും. കഴിഞ്ഞ 30 വർഷമായി ഫിനാൻസ് , ഹോസ്പിറ്റാലിറ്റി, ജൂവലറി, ടെക്സ്റ്റൈൽ, വിദ്യാഭ്യാസം, ഓട്ടോമൊബൈൽ തുടങ്ങി നിരവധി വ്യവസായ സംരംഭങ്ങൾ നടത്തിവരുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആദ്യ സിനിമാ സംരംഭമാണ് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ഇനി ഉത്തരം” എന്ന സിനിമ.
ചിത്രത്തിന്റെ രചയിതാക്കളായ രഞ്ജിത്തും ഉണ്ണിയും കഥ പറഞ്ഞു തുടങ്ങി ആദ്യ കേൾവിയിൽ തന്നെ കഥ ഇഷ്ട്ടമാവുകയും ശ്രീവത്സം ഗ്രൂപ്പിൽ നിന്നുള്ള ആദ്യ സിനിമയായി അവർ പറഞ്ഞ കഥ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. സബ്ജറ്റിന്റെ മികവ് തന്നെയാണ് “ഇനി ഉത്തരം” എന്ന സിനിമ സംഭവിക്കുവാൻകാരണം എന്ന് ഇരുവരും പറയുന്നു. കൂടാതെ സംവിധായകൻ സുധീഷ് രാമചന്ദ്രനെ പോലെ എക്സ്പീരിയൻസ്ഡായ സംവിധായകൻ ഇനി ഉത്തരത്തിന്റെ അമരക്കാരനായി എത്തുന്നു എന്നതും ചിത്രത്തിന്റെ റിസൾട്ടിനെക്കുറിച്ച് നിർമ്മാതാക്കൾക്ക് യാതൊരുവിധ ടെൻഷനും ഇല്ലെന്നതിന് മറ്റൊരു കാരണമാണെന്ന് പറയാം.
ചിത്രീകരണ സമയത്ത് ലൊക്കേഷനിൽ ഉണ്ടായിരുന്നത് കൊണ്ട് ഒരു സിനിമ ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാട് നേരിട്ട് അറിയാൻ സാധിച്ച അനുഭവവും നിർമ്മാതാക്കൾക്ക് ഉണ്ടായി. മഴകാരണം ചിത്രീകരണം തടസ്സപ്പെടുമെന്ന അവസ്ഥയിൽ അവിടെ ഉണ്ടായിരുന്നതു കൊണ്ട് ഉടനടി തീരുമാനമെടുത്ത് ചിത്രീകരണം പാലക്കാട്ടേക്ക് മാറ്റാൻ കഴിഞ്ഞതും സിനിമയോടുള്ള നിർമ്മാതാക്കളുടെ ഇഷ്ട്ടവും സഹപ്രവർത്തകരുടെ ജോലിയോടുള്ള ബഹുമാനവുമാണെന്ന് നിസംശയം പറയാം. ചിത്രത്തിന്റെ അണിയറയിലും മുന്നണിയിലുമായി പ്രവർത്തിച്ച ഓരോരുത്തരുടെയും പ്രയത്നത്തിന്റെ ഫലമെന്നൊണം “ഇനി ഉത്തരം” പ്രേക്ഷകർ ഏറ്റെടുത്ത് വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ് ഇനി ഉത്തരത്തിന്റെ മുഴുവൻ പ്രവർത്തകരും.
അപർണ്ണ ബാലമുരളി, ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിന് സംഗീതം നൽകിയ ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം നിർവഹിക്കുന്നു.
എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്-H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.