ജാതീയത; കേന്ദ്ര സര്‍ക്കാരിന്റെ വിശ്വകര്‍മ പദ്ധതി തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്ന് സ്റ്റാലിൻ സർക്കാർ
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിശ്വകര്‍മ പദ്ധതിയോട് പുറംതിരിഞ്ഞ് ഡിഎംകെ സര്‍ക്കാര്‍. ‘വിശ്വകര്‍മ’ പദ്ധതി നടപ്പാക്കില്ലെന്ന് തമിഴ്നാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ജാതി വിവേചനം കാണിക്കുന്ന പദ്ധതി ആണിതെന്നാണ് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കുന്നത്.
അതിനുശേഷം ഡിഎംകെ എംപി കനിമൊഴിയും ഡല്‍ഹിയില്‍ പ്രതികരിച്ചു. “വിശ്വകർമ ജാതി സമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. ഞങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയില്ല.” – കനിമൊഴി പറഞ്ഞു.
അപേക്ഷകന്റെ കുടുംബം പരമ്പരാഗതമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ ആയിരിക്കണം എന്ന നിബന്ധന നീക്കം ചെയ്യണം. ജാതി നോക്കാതെ ഏത് വ്യക്തിക്കും സഹായം ലഭ്യമാക്കണം. കുറഞ്ഞ പ്രായപരിധി 18ല്‍ നിന്നും 35 വയസായി ഉയര്‍ത്തണം. ഗുണഭോക്താക്കളെ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുക്കുന്നതിന് പകരം അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. കേന്ദ്രത്തിന് അയച്ച കത്തില്‍ തമിഴ്നാട് ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ്നാടിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ഇതോടെയാണ് പദ്ധതി തമിഴ്നാട്ടില്‍ നടപ്പിലാക്കേണ്ട എന്ന് സ്റ്റാലിന്‍ തീരുമാനിച്ചത്. ഇതിന് പകരം ജാതിവിവേചനം കാണിക്കാത്ത തൊഴില്‍ ശക്തിപ്പെടുത്തുന്ന മറ്റൊരു പദ്ധതി ആവിഷ്ക്കരിക്കാനാണ് സ്റ്റാലിന്റെ നീക്കം.
പരമ്പരാഗത കൈത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കുന്ന പദ്ധതിയാണ് വിശ്വകര്‍മ. 13,000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. അഞ്ച് ശതമാനം പലിശയിൽ 3 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ അടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ ഈ പദ്ധതി നല്‍കുന്നുണ്ട്. നൈപുണ്യ പരിശീലനം, തൊഴിലുപകരണങ്ങൾ വാങ്ങാൻ 15,000 രൂപ, സ്റ്റൈപൻഡ് അടക്കമുള്ളവ ലഭിക്കും.
എന്നാല്‍ പരമ്പരാഗതമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. മൂന്നു ഘട്ട പരിശോധന ഈ കാര്യത്തിലുണ്ട്. അതുകൊണ്ട് പദ്ധതിയുടെ പരിധിയില്‍ ഈ വിഭാഗത്തില്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. തമിഴ്നാടിന്റെ എതിര്‍പ്പും ഈ കാര്യത്തിലാണ്.