സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു സ്റ്റാൻ സ്വാമിയുടെ മരണം: തോമസ് ഐസക്

single-img
14 December 2022

84 വയസുള്ള പാർക്കിൻസൺ രോഗിയായ സ്റ്റാൻ സ്വാമി എന്ന വൃദ്ധ സന്യാസിയെ നിശബ്ദനാക്കാൻ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന് ഇപ്പോഴാണ് നമുക്കു പൂർണ്ണമായും മനസിലാകുന്നതെന്ന് സിപിഎം നേതാവും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന തോമസ് ഐസക്.

സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയുടെ മരണമെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്കിൽ എഴുതി. സ്വാമിയെ അറസ്സ് ചെയ്യാൻ എൻഐഎ ചൂണ്ടിക്കാട്ടിയ തെളിവുകൾ (നാൽപതോളം ഫയലുകൾ) സ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണ് എന്ന് ആർസെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു.

ഈ വെളിപ്പെടുത്തൽ മോദി സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ഗൂഡപ്രവർത്തനങ്ങൾ സംബന്ധിച്ച ഏറ്റവും നിശിതവിമർശനമാണ്. അവർക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കുന്ന ഒരു ഗൂഡഭീകരസംഘമായി എൻഐഎ അധപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

84 വയസുള്ള പാർക്കിൻസൺ രോഗിയായ സ്റ്റാൻ സ്വാമി എന്ന വൃദ്ധ സന്യാസിയെ നിശബ്ദനാക്കാൻ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന് ഇപ്പോഴാണ് നമുക്കു പൂർണ്ണമായും മനസിലാകുന്നത്. സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയുടെ മരണം.

സോഷ്യോളജി പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആദിവാസികളുടെ ഉന്നമനത്തിനായാണ് ഉഴിഞ്ഞുവച്ചത്. നാം അറിയുന്ന അർത്ഥത്തിൽ അദ്ദേഹം ഒരു ആക്ടിവിസ്റ്റുപോലും ആയിരുന്നില്ല. പക്ഷേ, ദളിത്-ആദിവാസി അവസ്ഥകളെക്കുറിച്ച് നിശിതമായ വിശകലനങ്ങളും തുറന്നുകാണിക്കലുകളും അദ്ദേഹം നടത്തി. കേസുകളിൽ പങ്കാളിയായി. മരണാനന്തരം അദ്ദേഹത്തിന്റെ ഹർജി പരിഗണിച്ച മഹാരാഷ്ട്ര ഹൈക്കോടതി അദ്ദേഹത്തിന്റെ ആതുരസേവനത്തെ പ്രകീർത്തിച്ചു. ഈ പരാമർശം പിൻവലിക്കാൻ പെറ്റീഷൻ കൊടുത്തിരിക്കുകയാണ് എൻഐഎ. എന്താണ് ഈ വൃദ്ധ താപസൻ ചെയ്ത കുറ്റം?

രാജ്യത്ത് ലഹള ഉണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നു പറഞ്ഞു ഭീമ കൊറേഗാവ് കേസിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു. പലരും പണ്ഡിതരും ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവർത്തിക്കുന്നവരുമായിരുന്നു. ഇതിൽ സ്വാമിയെ അറസ്സ് ചെയ്യാൻ എൻഐഎ ചൂണ്ടിക്കാട്ടിയ തെളിവുകൾ (നാൽപതോളം ഫയലുകൾ) സ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണ് എന്ന് ആർസെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു. കൂട്ടുപ്രതി റോണാവിൽസൻ്റെ ലാപ് ടോപ്പിലും കൃത്രിമ തെളിവുകൾ സ്ഥാപിച്ചതിൻ്റെ റിപ്പോർട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു.

2017-നും 2019-നും ഇടയ്ക്കാണ് ഇത്തരത്തിൽ 40 ഫയലുകൾ സ്റ്റാൻ സ്വാമിയുടെ ലാപ് ടോപ്പിൽ തിരുകി കയറ്റിയത്. ഈ അട്ടിമറി നടത്തിയവർക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോകാൻ ദിവസത്തെക്കുറിച്ചും തിരിച്ചറിവ് ഉണ്ടായിരുന്നു. കാരണം അറസ്റ്റിനു തൊട്ടുമുമ്പ് തങ്ങളുടെ ഹാക്കിംഗ് തെളിവുകൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ അവർ എടുത്തുവെന്നും ഇപ്പോൾ വ്യക്തമാണ്.

ഈ വെളിപ്പെടുത്തൽ മോദി സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ഗൂഡപ്രവർത്തനങ്ങൾ സംബന്ധിച്ച ഏറ്റവും നിശിതവിമർശനമാണ്. അവർക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കുന്ന ഒരു ഗൂഡഭീകരസംഘമായി എൻഐഎ അധപതിച്ചിരിക്കുന്നു. ഇത്രയും വിവാദമുണ്ടായിട്ടും എൻഐഎയോ കേന്ദ്ര സർക്കാരോ ഇതുവരെ ഒരു വിശദീകരണമോ നിഷേധമോ ആയിട്ടു വന്നിട്ടില്ല. തെറ്റായ കുറ്റങ്ങൾ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല.

ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിൻ്റെയും വെളിച്ചം പരത്തിയ സ്റ്റാൻ സ്വാമിയ്ക്കുണ്ടായ ദുർവിധിയിലൂടെ ചരിത്രത്തിൽ രാജ്യത്തിൻ്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്. കാരണം, മനുഷ്യത്വത്തിനു മേൽ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കും.
ജയിലിൽ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് ഉയർത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോൾ സ്ട്രോ പോലും അധികൃതർ നിഷേധിച്ചു. നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടി വന്നു ജയിലധികൃതരെ കൊണ്ട് സ്ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാൻ.

പിശാചുക്കൾ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. കൺമുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാൻ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചിൽ പിടയുന്നത് കണ്ടു നിൽക്കുന്ന അധികാരികളും ഭരണ സംവിധാനവും. ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തിൽപ്പോലും സമാനതകളില്ല. വരിയുടയ്ക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻ സ്വാമി. ഇനിയെങ്കിലും ഭീമ കൊറേഗാവ് തടവുകാരെ മുഴുവൻ മോചിപ്പിക്കാനുള്ള നട്ടെല്ല് കോടതിക്ക് ഉണ്ടാകണം.