നവകേരള സദസിനിടെ മുഖ്യമന്ത്രി വിമർശിച്ചെങ്കിലെന്ത്; തോമസ് ചാഴികാടൻ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നിറവേറ്റി സംസ്ഥാന ബജറ്റ്

single-img
5 February 2024

കോട്ടയം: പാലായിൽ നടന്ന നവകേരള സദസ്സിൽ തോമസ് ചാഴികാടൻ എംപി ഉന്നയിച്ച ആവശ്യങ്ങളോട് വേദിയിൽ പരുഷമായി മുഖ്യമന്ത്രി പ്രതികരിച്ചെങ്കിലും ആ ആവശ്യങ്ങൾ എല്ലാം നിറവേറ്റി സംസ്ഥാന സർക്കാരിന്റെ ബജറ്റ്. റബറിന്റെ താങ്ങുവില അടക്കം ഉയർത്തിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ തോമസ് ചാഴികാടനെ പരിഗണിച്ചത്.

കഴിഞ്ഞ ഡിസംബറിൽ നടന്ന നവകേരള സദസ്സിനിടെയാണ് റബർ വില, പാലാ സ്റ്റേഡിയത്തിന്റെ നവീകരണം, ചേർപ്പുങ്കൽ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ തോമസ് ചാഴികാടൻ ഉന്നയിച്ചത്. എന്നാൽ പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി തോമസ് ചാഴികാടനെ വിമര്‍ശിച്ചു. വിഷയം പറയേണ്ട വേദി ഇതല്ലെന്നായിരുന്നു മുഖ്യമന്ത്രി എംപിയെ തിരുത്തിയത്. പിന്നിട് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനം മുഖ്യമന്ത്രിക്കെതിരെ ഉയർന്നു. തന്റെ നിലപാടിൽ തോമസ് ചാഴികാടനും ഉറച്ചു നിന്നു.

കേരളാ കോൺഗ്രസ് എമ്മും ചാഴികാടനെ പിന്തുച്ചു. റബർ വില വിഷയത്തിൽ കേരളാ കോൺഗ്രസ് എം പാർലമെന്ററി പാർട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനവും നൽകി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു.

ഇതിനു പിന്നാലെയാണ് ബജറ്റിൽ റബർ വില സ്ഥിരതാ ഫണ്ടിൽ ഉൾപ്പെടുത്തി താങ്ങുവില 170 രൂപയിൽ നിന്നും 180 രൂപയായി ഉയർത്തിയത്. 2021ലായിരുന്നു ഈ തുക 170 രൂപയാക്കിയത്. കിലോയ്ക്ക് 10 രൂപ മാത്രമാണ് കൂട്ടിയതെങ്കിലും ഇതിന്റെ പിന്നിലെ സമ്മർദം നവകേരള സദസ്സിലെ എം പിയുടെ പ്രസംഗം ആയിരുന്നു. അന്ന് തന്നെ എംപി പറഞ്ഞ പാലാ സിന്തറ്റിക്ക് ട്രാക്കിന്റെ പ്രശ്നവും ബജറ്റ് പരിഗണിഗണിച്ചു.

തകർന്ന സിന്തറ്റിക്ക് ട്രാക്ക് നവീകരിക്കാൻ അഞ്ചു കോടിയിലേറെ രൂപ വേണ്ടിയിരുന്നു. എസ്റ്റിമേറ്റ് 5 കോടിയാണെങ്കിലും ആ തുകയില്‍ ട്രാക്കിന്‍റെ പുനരുദ്ധാരണം ഒതുങ്ങില്ലെന്നും 7 കോടിയെങ്കിലും ആവശ്യമാണെന്നുമായിരുന്നു ചാഴികാടന്‍ മുഖ്യമന്ത്രിയുടെ വേദിയില്‍ ആവശ്യപ്പെട്ടത്. ബജറ്റിൽ തുക ഏഴു കോടിയാണ് അനുവദിച്ചത്. അതും ചാഴികാടന്റെ വിജയമായി.

ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്നായിരുന്നു എംപി നവകേരള സദസ്സിൽ ആവശ്യപ്പെട്ട മറ്റൊരാവശ്യം. ബജറ്റിന് മുന്നേ പാലം നിർമ്മാണം പൂർത്തിയായി. നവകേരള സദസിനുശേഷം തോമസ് ചാഴികാടന്‍ ഉന്നയിച്ച ആവശ്യത്തില്‍ നടപടി വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു നിർമ്മാണം പൂർത്തിയായത്. അടുത്തയാഴ്ചയോടെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.

നവകേരള സദസ്സിൽ ആവശ്യപ്പെട്ടത് ജനങ്ങളുടെ ആവശ്യവും നിലപാടുമാണെന്നാണ് അന്നും ഇന്നും എം പി പറയുന്നത്. അതിൽ ആരെന്തു പറഞ്ഞാലും പരിഭവമില്ലെന്നും എംപി വ്യക്തമാക്കുന്നു. എംപിയെ വിമര്‍ശിച്ചതിന്‍റെ ക്ഷീണം ആ ആവശ്യങ്ങള്‍ നിറവേറ്റി മുഖ്യമന്ത്രിയും പരിഹരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുന്നതിനു പകരം പറഞ്ഞ കാര്യങ്ങള്‍ അതേപടി സര്‍ക്കാരിനെക്കൊണ്ട് ചെയ്യിക്കുക എന്ന തന്ത്രമാണ് ജോസ് കെ മാണിയും പാര്‍ട്ടിയും സ്വീകരിച്ചത്.