പ്രിയ വർഗീസിനെതിരായ ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടു: കെ സുരേന്ദ്രൻ
കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാൻ പ്രിയവർഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . കോടതിയുടെ വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവൻ പിൻവാതിൽ നിയമനങ്ങൾക്കും ബാധകമാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ പ്രഹരമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഒരു നിയമസംവിധാനമുണ്ടെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കണം. ഭരണഘടന അട്ടിമറിച്ചുകളയാമെന്നത് കമ്മ്യൂണിസ്റ്റുകാരുടെ വ്യാമോഹം മാത്രമാണ്. യുജിസി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള എല്ലാ നിയമനങ്ങളും പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .
മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയായ കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണം. അടിസ്ഥാന യോഗ്യതയില്ലാത്തവരെ ഉയർന്ന പദവിയിലേക്ക് നിയമിച്ചു പോരുന്ന രാഷ്ട്രീയ മാമൂലിനാണ് കോടതിവിധിയോടെ അന്ത്യം കുറിക്കപ്പെടുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എട്ട് വിസിമാരും ഉടൻ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇനിയും നാണംകെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.