മോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നു: ജെപി നദ്ദ
കേരളത്തിലുള്ള ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ . ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 1,266 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ബിജെപി തിരുവനന്തപുരം പാർലമെന്‍റെ് മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
അതേപോലെ തന്നെ കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമാക്കിയി മാറും. മോദി സർക്കാർ രാജ്യത്ത് 54,000 കിലോമീറ്റർ ദൂരം ദേശീയപാത നിർമ്മിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകൾ ആറ് വരിയാക്കി മാറ്റി.
പ്രധാനമന്ത്രി മോദിയുടെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവെ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് റെയിൽവെ ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റർ പാളമാണ് റെയിൽവെ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി വർദ്ധിപ്പിച്ചെന്നും ജെപി നദ്ദ പറഞ്ഞു.
ആയുഷ്മാൻ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇൻഷൂറൻസ് പരിരക്ഷയാണ്. 50 കോടി ജനങ്ങൾക്കാണ് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് ലഭിക്കുന്നത്. കേരളത്തിൽ 22 ലക്ഷം പേർക്ക് ഈ ആനുകൂല്യം കിട്ടുന്നത്. ജൽ ജീവൻ മിഷനിൽ 9 കോടി പേർക്ക് സൗജന്യ കുടിവെള്ളം എത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു. 20 ലക്ഷത്തി മുപ്പതിമൂന്നായിരം കർഷകർക്കാണ് കേരളത്തിൽ കിസാൻ സമ്മാൻ നിധി ലഭിക്കുന്നത്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ മോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ വികസനത്തിന് മോദി തന്നെ പ്രധാനമന്ത്രിയാവണം. കേരളം ഇന്ന് മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറികഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. രാജ്യത്ത് 35 പേർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോൾ അതിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു