വയനാട്ടിലെ സഹോദരങ്ങളെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്: കെ സുരേന്ദ്രൻ
സംസ്ഥാനത്തിന് പ്രളയ- പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകിയിരുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിലെ സഹോദരങ്ങളെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു .
കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടിൽ ഇത്രയും വലിയ ദുരന്തമുണ്ടാകാൻ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാനാണ് കോൺഗ്രസ്- സിപിഐഎം അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതെന്നും തെളിഞ്ഞിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം, കേന്ദ്രം നൽകിയത് കാലാവസ്ഥാ മുന്നറിയിപ്പാണെന്നും പരസ്പരം പഴിചാരേണ്ട സന്ദർഭമായി ഇതിനെ എടുക്കുന്നില്ല എന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്.