ആരോഗ്യ മേഖലയ്ക്കായി 558.97 കോടി അനുവദിച്ച്‌ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ്

single-img
11 August 2023

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് 2022-23 വർഷത്തെ ഹെല്‍ത്ത് ഗ്രാന്റായി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം 558.97 കോടി രൂപ അനുവദിച്ചു. പസ്വന്തമായി കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഹായം, രോഗനിര്‍ണയ സംവിധാനങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിര്‍ണയ സൗകര്യങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്‌കീമുകളിലായാണ് തുകയനുവദിച്ചത്.

ഇത്തരത്തിൽ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി മൂന്ന് വര്‍ഷങ്ങളിലാണ് തുകയനുവദിക്കുന്നത്. 513 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55.5 ലക്ഷം വിതവും 13 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി വീതവും 5 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 5.75 കോടി രൂപ വീതവുമായാണ് 3 വര്‍ഷങ്ങളായി അനുവദിക്കുന്നത്.

നേരത്തെ 2022-23 വര്‍ഷത്തില്‍ ജനകീയാരോഗ്യ കേന്ദ്രം 27.5 ലക്ഷം, കുടുംബാരോഗ്യ കേന്ദ്രം 35.75 ലക്ഷം, സാമൂഹ്യാരോഗ്യ കേന്ദ്രം 1.15 കോടി എന്നിങ്ങനെ വീതമാണ് തുകയനുവദിച്ചത്.