സംസ്ഥാനം കടക്കെണിയിലല്ല; നടക്കുന്നത് വ്യാജ പ്രചാരണം: മുഖ്യമന്ത്രി പിണറായി വിജയൻ


സംസ്ഥാനം കടക്കെണിയിലാണെന്ന് ചിത്രീകരിക്കാൻ വ്യാജ പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വരുമാന വളർച്ച കടത്തിലെ വളർച്ചയേക്കാൾ കൂടുതലാണ് എന്നും സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുനഃക്രമീകരണം പ്രഖ്യാപിച്ച ശേഷം അദ്ദേഹം പറഞ്ഞു.
20 വർഷത്തിനിടെ സംസ്ഥാനത്തിന്റെ ബാധ്യതകൾ പതിമൂന്ന് മടങ്ങ് വർദ്ദിച്ചു എന്നാണു പ്രചാരണം. എന്നാൽ 20 വർഷം മുമ്പ് 63,000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം. അത് ഇപ്പോൾ 10 ലക്ഷം കോടി രൂപയായി ഉയർന്നു. പതിനാറിരട്ടി വർധനവുണ്ട്. 20 വർഷം മുമ്പ് 9,973 കോടിയായിരുന്നു റവന്യൂ വരുമാനം. അത് ഇപ്പോൾ 1,35,000 കോടി രൂപയായി, പതിനാലിരട്ടി വർദ്ധനവ്.
ഇരുപത് വർഷം മുമ്പ് പ്രതിശീർഷവരുമാനം 19,463 കോടി രൂപയായിരുന്നത് ഇപ്പോൾ 2.3 ലക്ഷം രൂപയായി വളർന്നു. ഇത് പന്ത്രണ്ടിരട്ടി വർദ്ധനവാണ്. സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 77 ശതമാനം കൂടുതലാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു. കേന്ദ്രംഅനുവദിച്ച പരിധിയിൽ നിന്നാണിത്. ഇതോടെ ഈ വർഷം പൊതുവിപണിയിൽ നിന്നുള്ള കടം 21,000 കോടി രൂപയാവും.