2025 നവംബര്‍ ഒന്നിന് മുന്‍പ് സംസ്ഥാനത്തെ പൂര്‍ണ്ണമായി അതിദാരിദ്ര്യ മുക്തമാക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും മന്ത്രിസഭ മുഴുവനായി ജനങ്ങളോട് സംവദിക്കുന്ന പരിപാടിയുടെ പേര് നവകേരള സദസ്സ് എന്ന് മാറ്റി നിശ്ചയിച്ച് സര്‍ക്കാര്‍. നേരത്തെ മണ്ഡലസദസ് എന്നായിരുന്നു പര്യടനപരിപാടിയെ വിളിച്ചിരുന്നത്.
ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് പര്യടനത്തെക്കുറിച്ച് വിശദീകരിച്ചത്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് ഈ പര്യടനം നടക്കുക. മഞ്ചേശ്വരത്താണ് പരിപാടിയുടെ തുടക്കം. ഓരോ മണ്ഡലത്തിലും എംഎല്‍എമാരാണ് പര്യടനത്തിന് നേതൃത്വം നല്‍കുക.
2025 നവംബര്‍ ഒന്നിന് മുന്‍പ് സംസ്ഥാനത്തെ പൂര്‍ണ്ണമായി അതിദാരിദ്ര്യ മുക്തമാക്കുമെന്നും 2024 നവംബര്‍ ഒന്നിനകം അതിദാരിദ്ര്യ നിര്‍മാര്‍ജനം 93 ശതമാനം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനം, അതോടൊപ്പം ലൈഫ്, ആര്‍ദ്രം, വിദ്യാകേരളം, ഹരിതകേരളം ഈ നാല് മിഷനുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍, ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മലയോര ഹൈവേ, തീരദേശ പാത തുടങ്ങിയ കാര്യങ്ങളും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളും പരിശോധിക്കും.
കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ഉള്‍നാടന്‍ ജലഗതാഗതം അതോടൊപ്പം മാലിന്യ മുക്ത കേരളം എന്നിവയുമായി ബന്ധപ്പെട്ടു സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ നടപടികളും വിശകലനം ചെയ്യും. അതോടൊപ്പം ഓരോ ജില്ലയിലെയും പ്രശ്‌നങ്ങളും പരിശോധിക്കും, മുഖ്യമന്ത്രി വ്യക്തമാക്കി.
14 ജില്ലയിലേയും മേഖലാ യോഗങ്ങള്‍ക്കായി കണ്ടെത്തിയ 265 വിഷയങ്ങളുണ്ട്. അതില്‍ 241 എണ്ണം ജില്ലാ തലത്തില്‍ തന്നെ പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ടതായി 703 വിഷയങ്ങളാണുളളത്. ഇത് ജൂലൈ മധ്യത്തോടെ ആരംഭിച്ച പ്രക്രിയയാണ്. പ്രശ്‌ന പരിഹാരത്തിന് കാര്യമായ മുന്നേറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പഠിച്ച പാഠങ്ങള്‍ ഭാവിയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് പ്രജോദനമായി മാറും. പ്രശ്‌ന പരിഹാരം വേഗത്തിലാക്കുന്നതില്‍ വകുപ്പ് സെക്രട്ടറിമാരുടെ പ്രത്യേക ശ്രദ്ധ സഹായിച്ചിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജനത്തിന് അവബോധം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ലൈഫ് ഭവനപദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കും. മുതലപ്പൊഴി മല്‍സ്യ ബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിഡബ്ല്യുപിആര്‍എസ്സിന്റെ പഠന റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. അത് വേഗത്തില്‍ ലഭ്യമാക്കേണ്ടതുണ്ട്. മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.