കെ.സുധാകരന്‍ ആര്‍എസ്‌എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ ഇന്ന് മുസ്ലീം ലീഗ് യോഗങ്ങളില്‍ ചര്‍ച്ചയാകും

single-img
16 November 2022

മലപ്പുറം : കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരന്‍ ആര്‍എസ്‌എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി,ഭാരവാഹി യോഗങ്ങളില്‍ ചര്‍ച്ചയാകും.പാര്‍ട്ടി മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ വിലയിരുത്തലാണ് അജണ്ടയെങ്കിലും സുധാകരന്റെ പരാമര്‍ശം പ്രധാന ചര്‍ച്ചയാകും.

സുധാകരന്‍റെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് നേതൃയോഗം.

ആര്‍ എസ് എസ് ശാഖയ്ക്ക് പണ്ട് സംരക്ഷണം നല്‍കിയെന്ന് കെ സുധാകരന്‍ പറഞ്ഞതാണ് ആദ്യ വിവാദ പ്രസംഗം. കെ.എസ്.യു.വില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ കണ്ണൂര്‍ എടക്കാട് മണ്ഡലത്തിലെ ചില ആര്‍.എസ്.എസ് ശാഖകള്‍ സംരക്ഷിക്കാന്‍ ആളെ അയച്ച്‌ സഹായം നല്‍കിയെന്നായിരുന്നു ആ പരമാര്‍ശം. ആര്‍ എസ് എസ് ശാഖകള്‍ക്കെതിരെ സി പി എം അക്രമം അഴിച്ച്‌ വിട്ടപ്പോള്‍ പൗരന്‍മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പിന്നീട് അദ്ദേഹത്തിന്‍റെ വിശദീകരണം.

ഏറ്റവും ഒടുവില്‍, നെഹ്റുവിലും കെ സുധാകരന് നാക്ക് പിഴച്ചു. ആര്‍എസ്‌എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്‍റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വര്‍ഗീയതയോട് സന്ധി ചെയ്തെന്ന സുധാകരന്‍റെ പ്രസ്താവനയാണ് വിവാദമായത്. ഇതിന് പിന്നാലെ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് വീണ്ടും രംഗത്തെത്തി. നെഹ്‌റുവിനെ തമസ്ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് പ്രസംഗത്തില്‍ പഴയകാല ചരിത്രം പരാമര്‍ശിച്ചതെന്നും എന്നാല്‍, അതിനിടയിലുണ്ടായ വാക്കുപിഴ ഞാന്‍ മനസില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചതെന്നും കെ സുധാകരന്‍ ഏറ്റ് പറഞ്ഞു.