അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം;സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി


തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് പൊതു അവധിയാണ്.
ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ ബംഗ്ലൂരുലെ ആശുപത്രിയിലേക്ക് ഉടൻ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം ബെംഗളൂരുവിലുണ്ട്.