ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന ;സംഭവം; ക്ഷമാപണം നടത്തി പ്രധാനമന്ത്രി മോദി
മഹാരാഷ്ട്രയില്‍ താൻ അനാശ്ചാദനം ചെയ്ത ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവാജി മഹാരാജ് വെറുമൊരു രാജാവ് മാത്രമല്ലെന്നും തന്നെ സംബന്ധിച്ച് ഒരു ദൈവമാണെന്നും മോദി പറഞ്ഞു.
സിന്ധുദുര്‍ഗിലെ രാജ്കോട്ട് കോട്ടയില്‍ നിർമ്മിച്ച അദ്ദേഹത്തിന്റെ പ്രതിമ തകര്‍ന്നതില്‍ അസ്വസ്ഥരായ എല്ലാവരോടും മോദി ക്ഷമാപണം നടത്തി. എട്ട് മാസം മുമ്പ് പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്ത 35 അടി ഉയരമുള്ള പ്രതിമ തകര്‍ന്നത് സംസ്ഥാനത്തെ ഭരണകക്ഷിയായ മഹായുതി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയിരുന്നു.
മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പ്രതിപക്ഷം നല്ല രീതിയിൽ ആയുധമാക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം പ്രതികൂലമാകുന്നത് തടയാനാണ് മോദി ശ്രമിച്ചത്.’ഛത്രപതി ശിവാജി മഹാരാജ് വെറുമൊരു പേരോ രാജാവോ അല്ല, നമുക്ക് അദ്ദേഹം നമ്മുടെ ദൈവമാണ്, ഇന്ന് ഞാന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ തല കുനിച്ച് എന്റെ ദൈവത്തോട് മാപ്പ് ചോദിക്കുന്നു,’ പാല്‍ഘറില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.