മകളുടെ വീടിന്റെ മുറ്റമടിക്കാനായി പുറത്തേക്ക് ഇറങ്ങി വൈദ്യുതി ലൈന്‍ പൊട്ടിവീണു; 80കാരിക്ക് ദാരുണാന്ത്യം


ഇടുക്കി. വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക മരിച്ചു. കുഞ്ചിത്തണ്ണി നെല്ലിക്കാട് രഞ്ജിത്ത് ഭവൻ സുബ്ബുലക്ഷ്മി (80) ആണ് വൈദ്യുത ആഘാതമേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു മകളുടെ വീടിന്റെ മുറ്റമടിക്കാനായി പുറത്തേക്ക് ഇറങ്ങിയ സുബ്‌ലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണത്.
കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകൾ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു വർഷങ്ങളായി സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. മഹാലക്ഷ്മിയും ഭർത്താവ് അർജുനനും തോട്ടത്തിൽ ജോലിക്കായി പോയ സമയത്ത് ആയിരുന്നു അപകടം നടന്നത്. ഉടൻ സമീപവാസികൾ എത്തിയെങ്കിലും ലൈനില്‍ വൈദ്യുതി പ്രവാഹം ഉണ്ടായതിനാൽ സുബ്ബലക്ഷ്മിയുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല.
പിന്നീട് വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ചറിയിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. സുബ്ബലക്ഷ്മിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.